Monday, October 3, 2016

എനിക്കിപ്പോഴും മനസ്സിലാവുന്നില്ല എവിടെയാണെനിക്ക് പിഴച്ചതെന്ന്.

ഇളംതണുപ്പുള്ള പ്രഭാതത്തിൽ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന പ്രിയതമയെ സ്നേഹപൂർവ്വം തൊട്ടുണർത്തി ഞാൻ പറഞ്ഞു.......

''എഴുന്നേൽക്കൂ... എന്റെ കൂടെ യോഗ ചെയ്യാൻ വരൂ...?''

ഭാര്യ: ''ഓ... അപ്പൊ എന്റെ തടി കൂടി എന്നാണൊ നിങ്ങൾ പറയുന്നത്...?''

ഞാൻ: ''ഏയ് അല്ല... യോഗ ആരോഗ്യത്തിന് വളരെ നല്ലതാണ്...''

ഭാര്യ: ''അതായത് എനിക്കാരോഗ്യമില്ല, ഞാൻ രോഗിയാണെന്ന് അല്ലെ..?''

ഞാൻ: ''നോ, നോ, ഞാനതല്ല ഉദേശിച്ചത്... നിനക്ക് താൽപര്യമില്ലെങ്കിൽ കിടന്നോളൂ. ...''

ഭാര്യ: ''ഞാൻ മടിച്ചിയാണെന്നല്ലെ ആ പറഞ്ഞതിനർത്ഥം.....?''

ഞാൻ: ''നോക്കൂ. .. നീയെന്നെ തെറ്റിദ്ധരിച്ചു ഞാൻ....''

ഭാര്യ: ''ആഹാ ഇപ്പോൾ ഞാൻ പറഞ്ഞാൽ മനസ്സിലാകാത്തവളുമായി.....''

ഞാൻ: ''ഞാനങ്ങിനെ പറഞ്ഞില്ലല്ലൊ..?''

ഭാര്യ: ''എന്നു വച്ചാൽ ഞാൻ കള്ളിയാണെന്ന്...''

ഞാൻ: ''നീ എഴുതാപ്പുറം വായിക്കുന്നു... എന്തിനാ വെറുതെ നാംതമ്മിൽ ഈ വെളുപ്പാൻ കാലത്ത് വഴക്കടിക്കുന്നത്....''

ഭാര്യ: ''ഹോ... ഞാൻ വഴക്കാളിയുമായി അല്ലെ...."

ഞാൻ: ''ശരി ശരി ഞാൻ യോഗക്ക് പോകുന്നില്ല തീർന്നില്ലെ...?''

ഭാര്യ: ''കണ്ടൊ, അപ്പൊ അതാണ് കാര്യം യഥാർത്ഥത്തിൽ നിങ്ങള്‍ക്ക്  യോഗക്ക് പോകേണ്ട... അതിന് എന്നെ കുറ്റപ്പെടുത്തുകയും വേണം അല്ലെ....?''

ഞാൻ: ''സമ്മതിച്ചു,
എന്നാല്‍ ഞാനൊറ്റക്ക് പൊയ്ക്കോളാം...ഹാപ്പി..?''

ഭാര്യ: ''അല്ലെങ്കിലും നിങ്ങൾ എവിടെയും തനിച്ചു പോയി ജോളിയാക്കാൻ ആഗ്രഹിക്കുന്നു.... സ്വാർത്ഥൻ......''

ഞാൻ: ''ദൈവത്തെയോർത്ത് നിർത്തൂ, എനിക്ക് തല കറങ്ങുന്നു....''

ഭാര്യ: ''ഞാൻ പറഞ്ഞത് ശരിയല്ലെ,നിങ്ങൾ നിങ്ങളെ കുറിച്ചു മാത്രം ചിന്തിക്കുന്നു...എന്റെ ആരോഗ്യത്തെ കുറിച്ച് എപ്പൊഴെങ്കിലും നിങ്ങൾ  ഓർത്തിട്ടുണ്ടോ....ഹും. .....''

എനിക്കിപ്പോഴും മനസ്സിലാവുന്നില്ല എവിടെയാണെനിക്ക് പിഴച്ചതെന്ന്...........😝

കടപ്പാട്: സോഷ്യൽ മീഡിയയിലൂടെ ഏതൊ ഒരു സുഹൃത്തിൽ നിന്നും കൈമാറി കിട്ടിയത് എന്ന നിലയിൽ അത് ജ്ഞാതനായ ആ സുഹൃത്തിനോട് .

ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും ?

ജോലി കഴിഞ്ഞ് വീട്ടിലെത്തി,
തന്റെ സ്മാർട്ട് ഫോണിൽ മുഴുകുകയായിരുന്ന,
പിതാവിന്റെ അടുത്തേക്ക് ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി ഓടിച്ചെല്ലുന്നു;
എന്നിട്ട്;

പപ്പാ..
പപ്പാ..
ഏയ് പപ്പാ.....)

പിതാവ് : ഉം....

കുട്ടി: പപ്പാ... പപ്പാ... ഒന്നു നോക്കിയെ

പിതാവ്: ഉം... എന്താ പറയ്... പറഞ്ഞോടാ..

പപ്പയ്ക്ക് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും പപ്പാ...?

നീ ഒന്ന് പോയേടാ,
നിന്നോട് ഞാൻ നേരത്തെ തന്നെ പറയാറുള്ളതാണ് എന്നെ ശല്യം ചെയ്യരുത് എന്ന്.

താനിതൊന്നും അറിയേണ്ടതില്ലെങ്കിലും എന്താ അവിടെ എന്ന മട്ടിൽ ടെലിവിഷൻ സീരിയലുകളിൽ മുഴുകിയിരിക്കുന്ന അമ്മ, എറു കണ്ണിട്ട് നോക്കിയെങ്കിലും പരസ്യം കഴിഞ്ഞതിനാൽ വീണ്ടും ടെലിവിഷനിലേയ്ക്ക് മുഖം തിരിച്ച് ഒഴിഞ്ഞുമാറി.

കുട്ടി: പപ്പാ...
പിതാവ്: അപ്പുറത്തെങ്ങാനും പോ.
പപ്പയക്ക് കുറച്ച് ജോലിയുണ്ടടാ...

അല്പം കഴിഞ്ഞ്
ചാറ്റിങ്ങിനിടെ തന്റെ മകന്റെ റൂമിനരികിലൂടെ നടന്നുപോയ പിതാവ് കണ്ടത് കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന തന്റെ മകനെയാണ്.

എന്താണ് അവിടെ സംഭവിക്കുന്നതിയാൻ ആ പിതാവ് തന്റെ മകന്റെ അടുത്തേക്ക് ചെന്ന്,
അവനെ തട്ടി വിളിച്ചുകൊണ്ട് അവനോട് ചോദിച്ചു.

നീ നേരത്തേ എന്താ പപ്പയോട് അങ്ങനെ ചോദിച്ചത്?

കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റ് അവൻ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു

"പപ്പയ്ക്ക് ഒരു മണിക്കൂർ ജോലി ചെയ്താൽ എത്ര രൂപ കിട്ടും?"

എന്താടാ കാര്യം? എന്തിനാ ?

പറ  പപ്പാ, ഉം എത്ര രൂപ കിട്ടൂന്ന്?

അതിപ്പോൾ,
ഒരു മണിക്കൂർ ജോലി ചെയ്താൽ പപ്പയ്ക്ക് 100 രൂപ കിട്ടൂന്ന് കൂട്ടിക്കൊടാ, എങ്കിൽ ?


ഓക്കെ. പപ്പാ

എങ്കിൽ പപ്പാ എനിക്കൊരു 50 രൂപ തരാമോ?

എന്തിനാ നിനക്ക് ഇപ്പൊ അൻപത് രൂപ?

പപ്പാ 50 താ.

പിതാവ് 50 രൂപ അവന് നൽകി.

അവൻ സന്തോഷത്തോടെ അത് വാങ്ങി. എന്നിട്ട് തന്റെ തലയിണയുടെ കീഴേ നിന്നും പലപ്പോഴായി കൂട്ടി വച്ചുണ്ടാക്കിയ മറ്റൊരു 50 രൂപ എടുത്തു. എന്നിട്ട് പിതാവിൽ നിന്നും വാങ്ങിയ 50 രൂപയും ചേർത്ത് 100 രൂപയാക്കി പിതാവിന് തിരികെ കൊടുത്തു.

പിതാവ്: എനിക്കെന്തിനാടാ ഇത് ഇപ്പൊ ?

ഇത് പപ്പാ എടുത്തോ 100 രുപയുണ്ട് 
എന്നിട്ട്,
ഒരു മണിക്കൂർ എന്റെ കൂടെ കളിക്കാൻ വരാമോ?

നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ആ പിതാവ് അവനേ ചേർത്ത് പിടിച്ചു.

ഈ കഥ പറഞ്ഞ് കഴിഞ്ഞപ്പോൾ,
കുറച്ചു നേരത്തേക്ക് ആ വേദി മുഴുവൻ
നിശബ്ദതയ്ക്ക് അടിമപ്പെട്ടിരുന്നു.
പിന്നീട് പലരും കണ്ണുകൾ തുടച്ചു കൊണ്ട് ആയിരുന്നു ആ നിശബ്ദതയ്ക്ക് വിരാമം കുറിച്ചത്.

നിർവ്വചനം അപ്രാപ്യമായ, തിരക്കിന്റെ ലോകത്ത് ജീവിക്കുന്ന നമുക്ക് ഈ കഥ ഒരു ഓർമ്മപ്പെടുത്തലാണ്.  ഈ കഥ ഒരു പുനർചിന്തനത്തിനുള്ള അവസരം നമുക്ക് മുന്നിൽ തുറക്കും എന്നതിൽ തർക്കമുണ്ടാകാൻ ഇടയില്ല.


കടപ്പാട്: സോഷ്യൽ മീഡിയ മെസ്സേജിലൂടെ  അജ്ഞാതനായ ഏതൊ ഒരു സുഹൃത്തിൽ നിന്നും ലഭ്യമായ ആശയം അസ്പതമാക്കി ഇങ്ങനെയൊരു കഥ ഒരു വേദിയിൽ  അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് മാത്രം.

Monday, March 21, 2016

പ്രീയപ്പെട്ട മണിച്ചേട്ടാ, മരണത്തിന്റെ പശ്ചാത്തലം വരിളിൽ ഒളിപ്പിച്ചതെങ്ങനെ...

പ്രീയപ്പെട്ട മണിച്ചേട്ടാ,


 മലയാളികളെ നാടൻ പാട്ടുകളിലൂടെ പഴയ കാലത്തിലേയ്ക്ക് അടുപ്പിക്കുകയും നാടൻപാട്ടിനെ ജനകീയമാക്കുകയും ഒക്കെ ചെയ്യുന്നതിന് അങ്ങ് അറിയാതെ നിമിത്തം ആവുകയായിരുന്നു എന്നാത് വലിയ കാര്യങ്ങൾ തന്നെ.

നിസ്സാരമായ വാക്കുകളിലൂടെ സാധാരണക്കാരന് പോലും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള അവതരണവും ആലാപനവും എല്ലാ മലയാളികളെയും പോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അന്യഭാഷക്കാർ പോലും അങ്ങയുടെ പാട്ടുകൾ  ആസ്വദിക്കുന്നത് എത്ര സന്തോഷത്തോടെയാണ് എന്ന്.

വാക്കുകളിലൂടെ അതിന്റെ താളലയങ്ങളിലൂടെ എത്ര രസകരമായാണ് അങ്ങ് വരികൾ അവതരിപ്പിക്കാറ് എന്നത്  തീർച്ചയായും വ്യത്യസ്തതയാണ്. വലിയ വിഷയങ്ങൾ ലഘുവായ വരികളിലൂടെ അങ്ങ് അവതരിപ്പിക്കന്നതിൽ അസൂയ തോന്നിയിട്ടുണ്ട് പലപ്പോഴും. ദാ ഇങ്ങ് അവസാന  പാട്ടിലും അങ്ങു ഞങ്ങളെ അതിശയിപ്പിച്ചിരിക്കുന്നു.

ഈ വരികളിൽ ഒരു മരണത്തിന്റെ പശ്ചാത്തലം എത്ര ലളിതമായി സ്രോതാവിലേയ്ക്ക് കൈമാറുന്നു എന്നറിയുമ്പോഴും ഇനിയൊരു പാട്ടിനായി  മണിച്ചേട്ടനില്ലാ എന്നറിയുമ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു.

ഇല്ല അങ്ങനെയല്ല, നഷ്ടപ്പെടില്ല, മണിച്ചേട്ടൻ എന്നും നിലനിൽക്കും ആ പാട്ടുകളിലുടെ, ആ ശൈലിയിലൂടെ എന്നും എന്നെന്നും.

അങ്ങയുടെ അവസാന പാട്ട് എല്ലാവരിലേയ്ക്കും എത്താൻ ഇവിടെ  കുറിക്കുന്നു. ഇവിടെ ഈ വരികൾ എഴുതുന്നതിൽ എന്തെങ്കിലും നിയമപ്രശ്നങ്ങൾ ഉള്ളതായി അറിയില്ല, അങ്ങനെ വന്നാൽ ഈ വരികൾ മാറ്റുന്നതാണ്.


നേരെ പടിഞ്ഞാറ് സൂര്യന്‍
            താനെ മറയുന്ന സൂര്യന്‍
            ഇന്നലെ ഈ തറവാട്ടിലെ
            തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍

                           തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            ഏതോരു കര്‍ക്കിടരാവ്
            ഉണ്ണാതുറങ്ങുന്ന രാവ്
            അന്നല്ലേ പെണ്ണു ചിരുത
            വേദനയോടെ പെറ്റവനെ

                            തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            ഇരുകത്തട്ടകത്ത് കെട്ടുകെട്ടുമ്പോള്‍
            കുട്ടാ കുട്ടാ വിളിയുയരുമ്പോള്‍
            ഉപ്പുപുളി ചേര്‍ത്തുകുഴച്ച്
            തൊട്ടുനുണഞ്ഞ് ചിരിച്ച കുട്ടാ

                           തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            തമ്പ്രാന്‍ കനിഞ്ഞില്ല അന്ന്
            വേലകൂലിയും തന്നില്ല അന്ന്
            ചോര്‍ന്നൊലിക്കുന്ന കൂരേടെ കീഴില്‍
            ഒത്തിരിനേരം കരഞ്ഞകുട്ടാ

                        തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            ആദ്യം എഴുത്തിനിരുത്തി
            ആശാന്‍ പഠിപ്പിച്ചിരുത്തി
            പാഠം പഠിക്കരെയുണ്ണി
            കാണേ കാണേ വളര്‍ന്ന ഉണ്ണി

                          തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            മെട്രിക്കുലേഷന്‍ പരൂക്ഷ
            നൂറില്‍ നൂറോടെ വല്ല്യ പരൂക്ഷ
            കരളിലേറെ അച്ഛനു സന്തോയം
            പൂത്തിരിയേകിയ പൊന്നുമുത്തേ

                          തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            മകരക്കൊയ്ത്തിന് കിട്ടിയ നെല്ല്
            നാടുതാണ്ടിയത് വിറ്റു നടന്നു
            ചന്ദിരന്‍മാരുദിക്കുന്ന കുപ്പായം
            തുന്നിച്ച് തന്നില്ലേയെന്റെ കുട്ടാ

                          തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            കൈയില്‍ പൊതി കണ്ടപ്പോള്‍ കുട്ടാ
            തത്തപോലെ ചൊല്ലിയില്ലച്ഛന്‍
            വേണ്ട കുട്ടാ തീക്കളിയാണിത്
            പേപിടിച്ചുള്ളോരു പാര്‍ട്ടികളാ

            ആളെ കണ്ടാലറിയില്ലാ കുട്ടാ
            കൊടിനിറം നോക്കിയാ കാര്യങ്ങള്
         
            ആ ഓര്‍മ്മകള്‍ പോയി മറഞ്ഞു
            എന്റെ കുട്ടന്റെ പാട്ടുകള്‍ നിന്നു
            ആ രാത്രി പേരറിയാത്തവര്‍
            ചെറ്റ തകര്‍ത്ത്ു അകത്തുവന്നേ
            കണ്ണടച്ചുറങ്ങുമെന്‍ കുട്ടനെ
            കൊന്നുകൊലവിളിച്ചതെന്റേ ദൈവേ

            കൊടുങ്ങല്ലൂര് മീനഭരണി
            കോഴിവെട്ടും കുരുതിയുമുണ്ടേ
            തമ്മില്‍ തല്ലി വെട്ടിമരിക്കണ്
            ഏതൊരു ദൈവമരുളിയതാ
            വാള് കത്തി കമ്പിയും പാരയും
            കൊണ്ട് നടക്കണതെന്തിനാണാവോ…

            നേരെ പടിഞ്ഞാറ് സൂര്യന്‍
            താനെ മറയുന്ന സൂര്യന്‍
            ഇന്നലെ ഈ തറവാട്ടില്‍
            തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍

                        തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                   ആറടിമണ്ണിലുറങ്ങയല്ലോ ...

Sunday, March 20, 2016

യാത്ര 11- മാർച്ച് - 2016


ഇന്ന് വൈകിട്ട് മാവേലി എക്സ്പ്രസ്സ് യാത്രയ്ക്കായി എതാണ്ട് 5:35 മണിയോടെ ഞാൻ ചെർക്കളയിൽ നിന്നും ബസ്സിൽ കയറി. ആദ്യം വന്നത് ഒരു സ്വകാര്യ ബസ്സായിരുന്നു. മുൻഭാഗത്തെ ഡോറിനടുത്താണ് സീറ്റ് കിട്ടിയിരുന്നത് എന്നതിനാൽ, ഇടയ്ക്ക് ഡോർ തുറക്കുന്നതും സീറ്റിലിരുന്നു തന്നെ എനിക്ക് ചെയ്യേണ്ടി വന്നു. മനസ്സിലായില്ല അല്ലെ, ഇവിടെ കാസർഗോഡ് അങ്ങനാ പിൻഭാഗത്ത് മാത്രമെ സ്വാകാര്യബസ്സുകളിൽ ക്ലീനർ ഉണ്ടാകൂ. മാത്രമല്ല പിന്നിലെ ക്ലീനർ ഒരിക്കലും ഡോറിൽ നിന്നും താഴെ ഇറങ്ങാൻ സാധ്യത നന്നെ കറവും.

കാസർഗോസ് പുതിയ ബസ്സ്റ്റാന്റിന് അടുത്ത് എത്തിയപ്പോഴാണ് രണ്ടു സ്ത്രീകളെ ഞാൻ ശ്രദ്ധിച്ചത്. ബസ്സിൽ തിരക്ക് നന്നെ കുറവാണ് എന്നതിനാൽ അവർ പറയുന്നതിൽ പലതും എനിക്ക് കേൾക്കാമായിരുന്നു.
രൂപവും വേഷവിധാനങ്ങളും വിലയിരുത്തിയാൽ അവർ രണ്ടു മത വിഭാഗങ്ങിൽ നിന്നുള്ളവരാണ് എന്ന് മറനസ്സിലാക്കാൻ കഴിയും. ഒരാൾ ഒരു സാധാരണ ചുരിദാറും മറ്റൊരാൾ പർദയും. പക്ഷെ അവർ എത്ര സന്തോഷത്തോടെയാണ്, സൗഹൃദ മനോഭാവത്തോടെയാണ് സംസാരിച്ചുകൊണ്ട് യാത്ര തുടരുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തി. മാത്രമല്ല അതിലേറെ ആശ്വാസവും. 
ഒരു പക്ഷെ കാസർഗോഡ് ഇത്തരം സംഭവങ്ങൾ കുറവായി ശ്രദ്ധയിൽ പെടാറുള്ളു എന്നതാവും കാരണം. അല്ലെങ്കിൽ ഒരു പക്ഷെ, കോളേജിൽ തന്നെ അടുത്ത കാലത്തായി പുതുതായി വന്ന കുട്ടികളിൽ, ഒരു മതവിഭാഗത്തിലെ കുട്ടികൾ അവർ മാത്രമുള്ള ഗ്രൂപ്പുകളിൽ ഒതുങ്ങാൻ ശ്രമിക്കുന്ന കാഴ്ചകൾ കണ്ടു മടുത്തതിനാലുമാവാം.

ലോകം മുഴുവനുമുള്ള  മനുഷ്യരും, അതോടൊപ്പം നമ്മുടെ കേരളവും ആ സ്ത്രീകളിൽ നിന്നും ചിലത് പഠിക്കാനുണ്ട് എന്നാണ്  ഞാൻ കരുതുന്നത്. മതം എന്നത് സ്വകാര്യതയാണ് എന്നതിലപ്പുറം, അത്  നട്ടു വളർത്തി വലുതാക്കി വലിയ ജാതീയ-വിഭാഗീയ-സാമ്രാജ്യം കെട്ടിപ്പടുക്കുകയല്ല വേണ്ടത്; മറിച്ച്, മനുഷിക മൂല്യങ്ങളെ ചേർത്തു പിടിച്ചു കൊണ്ട്, സാമൂഹിക പ്രതിബന്ധതയോടെ നിഷ്കളങ്കമായി നമ്മൾ സംസാരിച്ച്, ഇടപെടലുകൾ നടത്തി തുടങ്ങേണ്ടിയിരിക്കുന്നു. 

എത്ര വലുതാണ് നമ്മുടെ ഇടയിൽ വളർന്നു പന്തലിച്ചു കഴിഞ്ഞ ജാതീയ വേലിക്കെട്ടുകൾ. നമ്മൾ എന്താണ് യുവതലമുറയോട്, കുട്ടികളോട് പറയാൻ ശ്രമിക്കുന്നത്. കാട്ടികൊടുക്കാൻ ശ്രമിക്കുന്നത്. എല്ലാത്തിനും ഉപരി മതമാണെന്നോ. അതൊ മനുഷ്യന്റെ അടിസ്ഥാനം മതം മാത്രമാണെന്നൊ. മതം ചെയ്യുന്ന ഗുണങ്ങൾ, അതിന്റെ നല്ല വശങ്ങളെ ഞാൻ ഒരിക്കലും തള്ളിക്കളയുന്നില്ല. പക്ഷെ മതം എന്ന മാധ്യമത്തിലൂടെ മതമേലാളന്മാർ സമൂഹത്തോട് കാണിക്കുന്ന ക്രൂരമായ വേലി ക്കെട്ടുകൾ, അനുവർത്തിക്കാൻ പ്രേരിപ്പിക്കുന്ന അനുഷ്ഠാന കോലാഹലങ്ങൾ ഒക്കെ തന്നെ സുഹത്തിന് എന്തു മാറ്റം കൊണ്ടുവരുന്നു എന്നു കൂടി ശ്രദ്ധിക്കേണ്ടതല്ലെ. ഏതെങ്കിലും മതം അത്മാത്രമായി കരുതുന്നുണ്ടൊ മറ്റുള്ളവ നല്ലതെന്നും അതിൽ സഹകരിക്കുന്നതും ഭാഗമാവുന്നതും നല്ലതാണ് എന്നും.

 മതമേതൊക്കെ തന്നെയായാലും മനുഷ്യൻ നന്നാവണമെങ്കിൽ ചില മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു, മതമേലാളന്മാരിലും ആചാര്യ അനുയായികളിലും. ഇല്ലെങ്കിൽ പരസ്പര-ബഹുമാനമില്ലാത്ത, തമ്മിൽ കടിപിടി കൂടുന്ന, അസഹിഷ്ണുതരായ ഒരു ജനതയായി മാറിപ്പോവും, അധ:പതിച്ചു പോവും നാം.

ഇടയ്ക്കെങ്കിലും ബസ്സിൽ കണ്ടതുപോലെയുള്ള ഇത്തരം സൗഹൃദ കാഴ്ചകൾ മനസ്സിനെ ഈ കടുത്ത വേനൽ ചൂടിലും കുളിരണിയിക്കുന്നു എന്നത് വാസ്തവം. പക്ഷെ ഞാൻ ഭയക്കുന്നു, സാമൂഹിക പ്രതിബദ്ധതയില്ലാത്ത ചില കൊടും-ജാതീയവാദികൾ തൻ കഴുകണ്ണുകളെ, ഏതു സമയത്തും കടന്നു വരാവുന്ന ഭീകരതയെ.

രാത്രിയിലെ ട്രെയിൻ യാത്രയിലെപ്പോഴൊ എഴുതിപ്പോയതാണ്, ചിന്തകൾ തെറ്റെങ്കിൽ ക്ഷമിക്കുക എന്നെ പറയാനുള്ളൂ.

ദേശിയതയെ വിറ്റ് മനുഷ്യകുലത്തിന്റെ ചോര കുടിക്കുന്നവര്‍ക്ക്...

ഇതൊരു കാലഘട്ടത്തിന്റെ അവസ്ഥയാണ്. പകയും വിദ്വേഷവും യുദ്ധവെറിയും വച്ച് പുലര്‍ത്തുന്ന മനുഷ്യ കാലഘട്ടത്തിന്റെ അവസ്ഥ.

ഒന്നായിരുന്ന രണ്ടു രാഷ്ട്രങ്ങള്‍ മതത്തിന്റെ പേരില്‍ അതിരുകള്‍ നിര്‍ണയിച്ചു രണ്ടായി പിളര്‍ന്നു. ഇന്നലെ തോളോട് തോള്‍ ചേര്‍ന്ന രാഷ്ട്രം അവിടം മുതല്‍ പരസ്പരം ശത്രുക്കള്‍ ആയി.

എന്നില്‍ ചിന്തകള്‍ പൊട്ടി മുളക്കുന്ന കാലം മുതലേ ഞാന്‍ കേള്‍ക്കുന്നത് “ഇന്ത്യയുടെ ശത്രു രാജ്യം പാകിസ്താന്‍”. ഞാന്‍ വളര്‍ന്നപ്പോള്‍  എന്നിലെ ശത്രുതാ മനോഭാവവും വളര്‍ന്നു.

പണ്ട് ആഘോഷ പറമ്പുകളില്‍ നിന്നുള്ള കളിത്തോക്കുകള്‍ മനസ്സില്‍ ലക്ഷ്യം വച്ചിരുന്നത് കള്ളന്‍, വില്ലന്‍ അല്ലെങ്കില്‍ പാകിസ്ഥാനി.

 അങ്ങനെ ചെറുപ്പം മുതലേ എന്റെ മനസ്സ് കൊണ്ട് യുദ്ധം തുടങ്ങി. 1999ല്‍ കാര്‍ഗില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എന്നിലെ സ്കൂള്‍ വിദ്യാര്‍ഥി മാനസികമായി ആ യുദ്ധത്തില്‍ പങ്കു ചേര്‍ന്നു, മനസ് മന്ത്രിച്ചു.. “ചെറ്റകളേ, ഇന്ത്യക്കാരെ തൊട്ടാല്‍ വിവരം അറിയും, കൊല്ലും എല്ലാത്തിനേം”.

ഞാന്‍ എന്ന 10ാം ക്ലാസ്സ്‌കാരനില്‍ കാലം കുത്തി നിറച്ച യുദ്ധം എന്ന വിഷം, ദേശിയത എന്ന വികാരം.

പരസ്പരം കൊല്ലാനും ചാവാനും, അതാണ്‌ ദേശ സ്നേഹം എന്നും എന്നെ പഠിപ്പിച്ച കാലത്തിന്റെ നിയമ പുസ്തകം.

ആ നിയമപുസ്തകത്തിന്റെ വാചകങ്ങള്‍ ഇന്ന് ഇന്ത്യയിലെ ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഇരുന്നു കയ്യടിക്കുന്നു, അങ്ങ് അതിര്‍ത്തിയില്‍ ഓരോ പാകിസ്ഥാനിതലകള്‍ വീഴുമ്പോളും. ഞാന്‍ എന്ന യുദ്ധക്കൊതിയന്‍ വീമ്പു പറയുന്നു “മക്കളേ.. ഞങ്ങള്‍ അടിച്ചാല്‍ നിങ്ങള്‍ താങ്ങില്ല” എന്ന്.

എന്തിനാണ് നമുക്ക് യുദ്ധം? പരസ്പരം കൊല്ലാനോ? വിദേശത്ത് ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാരും പാകിസ്ഥാനികളും വളരെ അടുപ്പത്തിലാണ്. അവര്‍ക്കൊന്നും പരസ്പരം ആരെയും തല്ലുകയും കൊല്ലുകയും വേണ്ട.

 പക്ഷെ നമ്മള്‍ മനുഷ്യരുടെ ഉള്ളില്‍ കുടികൊള്ളുന്ന, മുകളില്‍ ഞാന്‍ പറഞ്ഞ യുദ്ധ വെറിയുടെ രാഷ്ട്രീയ വശമാണ് ഇന്ന് കാണുന്ന യുദ്ധങ്ങള്‍.

ഈ മനോഭാവമാണ് ഇങ്ങു ശശികല മുതല്‍ അങ്ങ് പാര്‍ലിമെന്റില്‍ നമ്മള്‍ ജയിപ്പിച്ചു വിട്ട മഹാരഥന്‍മാരെ കൊണ്ട് വരെ “എതിര്‍പ്പുള്ളവര്‍ പാകിസ്ഥാനിലേക്ക് വിട്ടോ” എന്ന് പറയിക്കുന്നത്.

മറ്റൊരര്‍ത്ഥത്തില്‍ നമ്മുടെ യുദ്ധ വെറിയെ, ശത്രുതാ മനോഭാവത്തെ രാഷ്ട്രീയ നേതൃത്വം വിറ്റ് കാശാക്കുന്നു. നമ്മള്‍ അവര്‍ക്ക് വേണ്ടി കയ്യടിക്കുന്നു. എന്ത് കൊണ്ട്?

നമുക്ക് നല്ല തിരിച്ചറിവുണ്ട് പാകിസ്താന്‍ ശക്തിയില്‍ നമ്മെക്കാളും പുറകില്‍ ആണെന്ന്. ഇതേ നിലപാട് ഇപ്പോള്‍ നമ്മള്‍ ചൈനയോട് കാണിക്കുമോ?

ഇനി പാകിസ്ഥാനെ “പെടയ്ക്കാന്‍” പറയുമ്പോള്‍ നമ്മള്‍ ആലോചിക്കാറുണ്ടോ, യുദ്ധക്കെടുതികള്‍ അനുഭവിക്കുന്ന അതിര്‍ത്തിയിലെ ഇന്ത്യന്‍ ജനതയെ കുറിച്ച്?

ലോക പോലീസ് ആയ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് ആയുധവ്യാപാരം. അവിടത്തെ ആയുധ മുതലാളിമാര്‍ക്ക് വേണ്ടിയാണ് ഇന്നും അവര്‍ നടത്തുന്ന പല അധിനിവേശങ്ങളും. നമ്മള്‍ ഒക്കെ അവരുടെ കളിപ്പാവ ആകുന്നുണ്ടോ?

യുദ്ധം സമാധാനം നേടി തന്ന ഏതു രാഷ്ട്രമാണ് ലോകത്ത് ഉള്ളത്?

പാകിസ്ഥാന്‍ പത്രം പറയും ഇന്ത്യ കരാര്‍ ലംഘിച്ചു എന്ന്. ഇന്ത്യന്‍ മീഡിയ പറയും പാകിസ്ഥാനികള്‍ കരാര്‍ ലംഘിച്ചു എന്ന്. സത്യത്തില്‍ ഇവിടെ ലംഘിക്കപ്പെടുന്നത് മനുഷ്യത്വം ആണ്. അതല്ലെ സത്യം?

ക്ഷമിക്കണം... ചിലരുടെ ചിന്തകള്‍ ഉള്‍കൊള്ളുന്നത് പോലുള്ള വിശാല മനസ്ക്കത എനിക്ക് ഇല്ലാത്തത് കൊണ്ടാകാം, ഞാന്‍ ഇപ്പോള്‍ അന്ധനായ ഒരു ദേശ സ്നേഹിയല്ല. അതിനെക്കാള്‍ ഒരു മനുഷ്യ സ്നേഹി എന്ന് വിളിക്കപ്പെടാനാണ് ഞാന്‍ ഇന്ന് ആഗ്രഹിക്കുന്നത്.

പഴയകാല ദേശ സ്നേഹിയില്‍ നിന്ന് ലോക സ്നേഹത്തിലേക്ക് എന്ന നയിച്ചതില്‍ വായനയും, സൌഹൃദ വലയങ്ങളിലെ വൈവിധ്യങ്ങളും ഘടകങ്ങള്‍ ആയിട്ടുണ്ട്‌.

 മനുഷ്യനെ അതിരുകള്‍ കെട്ടി സ്നേഹിക്കാന്‍ പഠിപ്പിച്ച പ്രത്യയ ശാസ്ത്രങ്ങളാണ് ഒരേ ഒരു ലോകം എന്ന വികാരത്തിനു പകരം അതിനുള്ളില്‍ ഇന്ത്യ എന്ന വികാരത്തെ സൃഷ്ട്ടിച്ചതും,
 ഇന്ത്യക്കുള്ളില്‍ കേരള മനോഭാവത്തെ സൃഷ്ടിച്ചതും,
 അതിനുള്ളില്‍ നിന്നും ജില്ലയിലേക്കും,
 അവിടെ നിന്നും അതിരുകളാല്‍ വേര്‍തിരിക്കപ്പെട്ട സ്വന്തം കുടുംബം എന്ന സ്വാര്‍ത്ഥ ലോകത്തേക്കും മാനവ വിശാലതയെ ചുരുക്കിക്കെട്ടിയത്.

അതിനാല്‍ ഞാന്‍ ഒരു ദേശ സ്നേഹിയല്ല. സ്വന്തം അയല്‍പക്കത്ത് സമാധാനം ഉണ്ടായാല്‍ സമാധാനം ഉണ്ടാകുന്നത് നമുക്ക് കൂടി ആണ് എന്ന തിരിച്ചറിവ് ഇല്ലാത്ത ജനതയാണ് അയല്‍ക്കാരനെ ശത്രുവിനെ പോലെ കണ്ട് അവന്റെ ചോരയ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നത്.

 പരസ്പരം മനുഷ്യര്‍ ആണെന്ന തിരിച്ചറിവ് നഷ്ടപ്പെട്ട് കൊല്ലാനും ചാവാനും നമ്മെ പ്രേരിപ്പിക്കുന്ന, നമ്മള്‍ പോലും അറിയാതെ നമ്മെ കീഴ്പെടുത്തി കൊണ്ടിരിക്കുന്ന അധമ വികാരമായി ദേശിയത മാറുന്നുണ്ടോ എന്ന് ആത്മ പരിശോധന നടത്തുന്നത് നല്ലതാണെന്ന് തോന്നുന്നു.
  "അതെ, ഞാൻ കേവലം ഒരു മനുഷ്യൻ മാത്രം"

NB : പ്രതികരിക്കുന്നതിന് മുമ്പ് ഒരു തവണ കൂടി മനസ്സ് ഇരുത്തി വായിച്ചാൽ നന്ന്. മനുഷ്യകുലത്തിന്റെ ചോര കുടിച്ച് തടിച്ചു കൊഴുത്തവർ ആരൊക്കെയെന്ന് മനസ്സിലാക്കാൻ കഴിഞ്ഞേക്കും.
കടപ്പാട്: ഇത് പൂർണമായും എന്റെയല്ല പേരറിയാത്ത ഏതൊ ഒരു  സുഹൃത്തിന്റെ വാട്സ് ആപ്പ് കറിപ്പുകൾ അടിസ്ഥാനത്തിൻ എഴുതിയത്. 
വരുന്നു, അതെ ഒരു പക്ഷെ വന്നേയ്കാം


ഉറക്കം വരാത്ത രാത്രികൾ
ഉറക്കം വരുത്തുന്ന പകലുകൾക്ക് വഴിമാറുമ്പോൾ
ഞാൻ അറിയുന്നു മാറുകയാണ് പലതും ഈ ഞാനും
കാലയവനികയക്ക് അപ്പുറത്തേയ്ക്കുള്ള യാത്രയുടെ തുടക്കമാവു മിതൊരുപക്ഷെ
ഓർമ്മയിലെ ഓശാന

നോമ്പുകാലത്തിനടയിലെ ചെറു ആഘോഷം എന്ന നിലയ്ക്ക് കൊഴികോട്ട ശനിയും ഓശാന ഞായറും പണ്ടു മുതൽക്കെ കേരളത്തിൻ ആചരിച്ചിരുന്നു. പണ്ട് മനുഷ്യൻ ഇത്രമേൽ സ്വാർത്ഥനായിരുന്നില്ലാ എന്നതാവാം, അന്നത്തെ ആഘോഷങ്ങളിലെല്ലാം നിറഞ്ഞു നിന്ന നിഷ്കളങ്ക-സന്തോഷത്തിന്റെ സാമീപ്യം.

ഇന്നിപ്പോൾ, കാലം അതിന്റെ പ്രായാധിക്യത്താൽ എല്ലാം മാറ്റിയിരിക്കുന്നു, ശീലങ്ങളും രീതികളും ചെയ്തികളും എല്ലാം എല്ലാം.

രാവിലെ പള്ളിയിൽ കുർബാനയ്ക്ക് മുന്നോടിയായി ലഭിക്കുന്ന കുരുത്തോലകൾ കയ്യിലേന്തി പള്ളി പരിസരത്ത് ഒരു ചെറു പ്രതക്ഷിണ ഘോഷയാത്ര കഴിഞ്ഞാൽ കുർബാനയും, ദാ ഈ കാലഘട്ടത്തിലെ ഓശാന ഞായർ കഴിഞ്ഞു. എന്താ പലപ്പോഴും അങ്ങനെ ആയി മാറിപ്പോവാറില്ലെ?

പക്ഷെ, പണ്ട് വളരെ പണ്ട്, ഏതാണ്ട് 1984-1988 കാലഘട്ടത്തിലെ, അതെ എന്റെ കുട്ടിക്കാലത്തെ ഓശാന ദിനങ്ങൾ, ഇന്നിപ്പോൾ ഓർമ്മകൾക്കിടയിൽ ചിക്കി ചികയുമ്പോൾ ചിലതൊക്കെ ഓർമ്മയിൽ തെളിച്ചം വെയ്ക്കുന്നുണ്ട്.

അന്ന് ഓശാന ഞായർ ഘോഷയാത്ര കിഴക്കെ മനക്കോടം പള്ളിയിലേയ്ക്കുള്ള നീണ്ട വഴിയിലൂടെ (ഇന്നത്തെ മനക്കോടം ഫെറോന ) ആയിരുന്നു. പാടവരമ്പത്ത് കൂടെയുള്ള നാട്ടുവഴിയിലൂടെ ചെറുതും വലുതുമായ കുരുത്തോലകളും കയ്യിലേന്തി ഒരുപറ്റം, അതോടൊപ്പം മുറിച്ചെടുത്ത മരകൊമ്പുകളിൽ ചൈന പേപ്പർ വെട്ടിയൊട്ടിച്ച് ഉണ്ടാക്കിയ മനോഹര സംവിധാനങ്ങളൊക്കെയുള്ള മറ്റൊരു കൂട്ടം, അങ്ങനെ വർണശഭളവും ക്രിസ്തുരാജ ജയ് വിളികളും ഒക്കെയായി ശബ്ദ-ദൃശ്യ സന്ദേശ യാത്ര.

വഴി നീളെ ലഭിക്കു മായിരുന്ന ഭക്ഷണ- പാനീയങ്ങൾ ഞങ്ങൾ കുട്ടികൾക്കുള്ള മറ്റൊരു ആഘോഷം ആയിരുന്നു എന്നു പറയുന്നതിലും തെറ്റില്ല. എന്താവേശത്തോടെയായിരുന്നു ജയ് വിളികൾ..... അന്നത്തെ ആ ജയ് വിളികൾ ആരെയും അസ്വസ്ത പെടുത്തിയിരുന്നില്ല എന്നത് ഒരു പക്ഷെ കാലഘട്ടത്തിന്റെ പ്രത്യേകത ആയിരിക്കാം.

അന്നൊക്കെ അതിൽ പങ്കെടുക്കാൻ എല്ലാവർക്കം നല്ല താല്പര്യം ആയിരുന്നു. ഒരു പ ക്ഷെ ഇന്നെത്തേക്കാളും എന്ന് തന്നെ ഉറപ്പിച്ചു പറയാം. അബാലവൃദ്ധജനങ്ങളും പങ്കെടുക്കുന്ന ആഘോഷം എന്നു തന്നെ വിശേഷിപ്പിക്കാം.
അന്നൊക്കെ കൂട്ടുകാരോടൊപ്പം വഴി നീളെ ആടി-പാടി-ആർത്തുല്ലസിച്ച് നടക്കാൻ എന്തു രസമായിരുന്നു.

തലേ ദിവസത്തെ കൊഴുകോട്ട ശനിയെ കുറിച്ച് പറയാതിരിക്കുന്നതും ശരിയല്ല. പല വീടുകളിൽ നിന്നും ഈ പ്രത്യേകതരം ഉണ്ടകൾ ലഭിക്കുമായി തന്നു. ബന്ധുവീടുകളിലും, കുട്ടുകാരുടെ വീടുകളിൽ നിന്നുമൊക്കെ യഥേഷ്ടം ഈ ഉണ്ടകൾ കഴിക്കാൻ കഴിഞ്ഞിരുന്നു എന്നത് യാഥാർത്ഥ്യം.

വീട്ടിൽ അമ്മയുണ്ടാക്കുന്നവ കഴിച്ചാസ്വദിക്കുന്നതോടൊപ്പം, ഉണ്ടകൾ അയൽപക്ക വീടുകളിൽ ശനിയാഴ്ച തന്നെ എത്തിക്കുമായിരുന്നു. അതൊരു രീതി എന്നതിനപ്പുറം മറ്റെന്തൊക്കൊയൊ എന്ന നിലയ്ക്ക് എത്രയൊ കാലം ചെയ്തിട്ടുണ്ട്. അതെ സഹവർത്തിത്വത്തിന്റെ സാഹോദര്യത്തിന്റെ നിഷ്കളങ്ക സ്നേഹത്തിന്റെ സുന്ദര നാളുകൾ, സന്തോഷത്തിന്റെയും.

കഴിഞ്ഞ എത്രയൊ ഓശാനകൾ കടന്നു പോയിരിക്കുന്നു. എന്നിട്ടും ഇപ്പോൾ മാത്രം എന്തെ ഇങ്ങനെയൊക്കെ തോന്നാൻ, കാലത്തിന്റെ തമാശ, അതല്ലെ എല്ലാം. ഒരു കുന്ന് ഗൃഹാതുരത്വ ഓർമകളോടൊപ്പം ഓശാന ഞായർ ആശംസകൾ,സെബാസ്റ്റ്യൻ