യാത്ര 11- മാർച്ച് - 2016
ഇന്ന് വൈകിട്ട് മാവേലി എക്സ്പ്രസ്സ് യാത്രയ്ക്കായി എതാണ്ട് 5:35 മണിയോടെ ഞാൻ ചെർക്കളയിൽ നിന്നും ബസ്സിൽ കയറി. ആദ്യം വന്നത് ഒരു സ്വകാര്യ ബസ്സായിരുന്നു. മുൻഭാഗത്തെ ഡോറിനടുത്താണ് സീറ്റ് കിട്ടിയിരുന്നത് എന്നതിനാൽ, ഇടയ്ക്ക് ഡോർ തുറക്കുന്നതും സീറ്റിലിരുന്നു തന്നെ എനിക്ക് ചെയ്യേണ്ടി വന്നു. മനസ്സിലായില്ല അല്ലെ, ഇവിടെ കാസർഗോഡ് അങ്ങനാ പിൻഭാഗത്ത് മാത്രമെ സ്വാകാര്യബസ്സുകളിൽ ക്ലീനർ ഉണ്ടാകൂ. മാത്രമല്ല പിന്നിലെ ക്ലീനർ ഒരിക്കലും ഡോറിൽ നിന്നും താഴെ ഇറങ്ങാൻ സാധ്യത നന്നെ കറവും.
കാസർഗോസ് പുതിയ ബസ്സ്റ്റാന്റിന് അടുത്ത് എത്തിയപ്പോഴാണ് രണ്ടു സ്ത്രീകളെ ഞാൻ ശ്രദ്ധിച്ചത്. ബസ്സിൽ തിരക്ക് നന്നെ കുറവാണ് എന്നതിനാൽ അവർ പറയുന്നതിൽ പലതും എനിക്ക് കേൾക്കാമായിരുന്നു.
രൂപവും വേഷവിധാനങ്ങളും വിലയിരുത്തിയാൽ അവർ രണ്ടു മത വിഭാഗങ്ങിൽ നിന്നുള്ളവരാണ് എന്ന് മറനസ്സിലാക്കാൻ കഴിയും. ഒരാൾ ഒരു സാധാരണ ചുരിദാറും മറ്റൊരാൾ പർദയും. പക്ഷെ അവർ എത്ര സന്തോഷത്തോടെയാണ്, സൗഹൃദ മനോഭാവത്തോടെയാണ് സംസാരിച്ചുകൊണ്ട് യാത്ര തുടരുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തി. മാത്രമല്ല അതിലേറെ ആശ്വാസവും.
ഒരു പക്ഷെ കാസർഗോഡ് ഇത്തരം സംഭവങ്ങൾ കുറവായി ശ്രദ്ധയിൽ പെടാറുള്ളു എന്നതാവും കാരണം. അല്ലെങ്കിൽ ഒരു പക്ഷെ, കോളേജിൽ തന്നെ അടുത്ത കാലത്തായി പുതുതായി വന്ന കുട്ടികളിൽ, ഒരു മതവിഭാഗത്തിലെ കുട്ടികൾ അവർ മാത്രമുള്ള ഗ്രൂപ്പുകളിൽ ഒതുങ്ങാൻ ശ്രമിക്കുന്ന കാഴ്ചകൾ കണ്ടു മടുത്തതിനാലുമാവാം.
ലോകം മുഴുവനുമുള്ള മനുഷ്യരും, അതോടൊപ്പം നമ്മുടെ കേരളവും ആ സ്ത്രീകളിൽ നിന്നും ചിലത് പഠിക്കാനുണ്ട് എന്നാണ് ഞാൻ കരുതുന്നത്. മതം എന്നത് സ്വകാര്യതയാണ് എന്നതിലപ്പുറം, അത് നട്ടു വളർത്തി വലുതാക്കി വലിയ ജാതീയ-വിഭാഗീയ-സാമ്രാജ്യം കെട്ടിപ്പടുക്കുകയല്ല വേണ്ടത്; മറിച്ച്, മനുഷിക മൂല്യങ്ങളെ ചേർത്തു പിടിച്ചു കൊണ്ട്, സാമൂഹിക പ്രതിബന്ധതയോടെ നിഷ്കളങ്കമായി നമ്മൾ സംസാരിച്ച്, ഇടപെടലുകൾ നടത്തി തുടങ്ങേണ്ടിയിരിക്കുന്നു.
എത്ര വലുതാണ് നമ്മുടെ ഇടയിൽ വളർന്നു പന്തലിച്ചു കഴിഞ്ഞ ജാതീയ വേലിക്കെട്ടുകൾ. നമ്മൾ എന്താണ് യുവതലമുറയോട്, കുട്ടികളോട് പറയാൻ ശ്രമിക്കുന്നത്. കാട്ടികൊടുക്കാൻ ശ്രമിക്കുന്നത്. എല്ലാത്തിനും ഉപരി മതമാണെന്നോ. അതൊ മനുഷ്യന്റെ അടിസ്ഥാനം മതം മാത്രമാണെന്നൊ. മതം ചെയ്യുന്ന ഗുണങ്ങൾ, അതിന്റെ നല്ല വശങ്ങളെ ഞാൻ ഒരിക്കലും തള്ളിക്കളയുന്നില്ല. പക്ഷെ മതം എന്ന മാധ്യമത്തിലൂടെ മതമേലാളന്മാർ സമൂഹത്തോട് കാണിക്കുന്ന ക്രൂരമായ വേലി ക്കെട്ടുകൾ, അനുവർത്തിക്കാൻ പ്രേരിപ്പിക്കുന്ന അനുഷ്ഠാന കോലാഹലങ്ങൾ ഒക്കെ തന്നെ സുഹത്തിന് എന്തു മാറ്റം കൊണ്ടുവരുന്നു എന്നു കൂടി ശ്രദ്ധിക്കേണ്ടതല്ലെ. ഏതെങ്കിലും മതം അത്മാത്രമായി കരുതുന്നുണ്ടൊ മറ്റുള്ളവ നല്ലതെന്നും അതിൽ സഹകരിക്കുന്നതും ഭാഗമാവുന്നതും നല്ലതാണ് എന്നും.
മതമേതൊക്കെ തന്നെയായാലും മനുഷ്യൻ നന്നാവണമെങ്കിൽ ചില മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു, മതമേലാളന്മാരിലും ആചാര്യ അനുയായികളിലും. ഇല്ലെങ്കിൽ പരസ്പര-ബഹുമാനമില്ലാത്ത, തമ്മിൽ കടിപിടി കൂടുന്ന, അസഹിഷ്ണുതരായ ഒരു ജനതയായി മാറിപ്പോവും, അധ:പതിച്ചു പോവും നാം.
ഇടയ്ക്കെങ്കിലും ബസ്സിൽ കണ്ടതുപോലെയുള്ള ഇത്തരം സൗഹൃദ കാഴ്ചകൾ മനസ്സിനെ ഈ കടുത്ത വേനൽ ചൂടിലും കുളിരണിയിക്കുന്നു എന്നത് വാസ്തവം. പക്ഷെ ഞാൻ ഭയക്കുന്നു, സാമൂഹിക പ്രതിബദ്ധതയില്ലാത്ത ചില കൊടും-ജാതീയവാദികൾ തൻ കഴുകണ്ണുകളെ, ഏതു സമയത്തും കടന്നു വരാവുന്ന ഭീകരതയെ.
രാത്രിയിലെ ട്രെയിൻ യാത്രയിലെപ്പോഴൊ എഴുതിപ്പോയതാണ്, ചിന്തകൾ തെറ്റെങ്കിൽ ക്ഷമിക്കുക എന്നെ പറയാനുള്ളൂ.
No comments:
Post a Comment