Saturday, October 22, 2022

അപ്പനെന്ന അത്ഭുതം

അപ്പച്ചൻ പോയി ഏതാണ്ട് 9 വർഷം കഴിഞ്ഞ് അമ്മ കൂടി പോയതോടെ, ജീവിതത്തിൽ ചെറിയ അനാഥത്വമൊക്കെ അനുഭവപ്പെടാറുണ്ട്... ആരൊക്കെയുണ്ടെങ്കിലും .... ചിലപ്പോഴൊക്കെ ഒരു ശൂന്യത, അനുഭവിച്ചവർക്ക് മാത്രം മനസ്സിലാവുന്ന ശൂന്യത. പക്ഷെ, അതൊക്കെ ആർക്കെങ്കിലും മനസ്സിലാക്കാൻ കഴിയുന്നുണ്ടൊയെന്നറിയില്ല. ഞാനാകട്ടെ, അതിനെക്കുറിച്ചൊന്നും ആരോടും അങ്ങനെ പറയാൻ ശ്രമിക്കാറുമില്ല. അല്ല, മുടിയിൽ നരകയറിയ ഈ പ്രായത്തിൽ, ഞാനിപ്പോൾ ഇനി പറഞ്ഞിട്ടെന്താക്കാനാ ! പിന്നെ ആകെയുള്ള ആശ്വാസം എഴുത്താണ്. കുറെയായിട്ട് ജോലിഭാരം കൂടുതലായതിനാൽ അതും കുറഞ്ഞിട്ടുണ്ട്.

ഇന്ന് (22/10/2022) അപ്പച്ചന്റെ ഓർമ്മദിവസമായിരുന്നു. പതിവുപോലെ ജോലിയ്ക്കെത്തി, സാധാരണയിൽ കവിഞ്ഞ് തിരക്കുളള ഒരു അഡ്മിഷൻ ദിവസം. വേണമെങ്കിൽ ഈ ദിവസം ജോലിയിൽ നിന്ന് ഒഴിവാകാൻ ശ്രമിക്കാമായിരുന്നു. പക്ഷെ, അപ്പച്ചന്റെ രീതികൾ നന്നായി മനസ്സിലാക്കിയതുകൊണ്ടാവാം, എന്തൊ... അതിന് മുതിർന്നില്ല.

കുറച്ച് ദിവസം മുൻപ് അമ്മയുടെ ഓർമ്മ ദിവസം നാട്ടിൽ ചെന്നപ്പോൾ അപ്പച്ചന്റെ പഴയ സുഹൃത്തുക്കളിൽ ചിലരെയും മറ്റും വീണ്ടും കണ്ട് സംസാരിക്കാൻ കഴിഞ്ഞിരുന്നു. അതിനൊക്കുറിച്ചൊക്കെ പിന്നീടൊരിക്കൽ എഴുതാം. അറിയുന്തോറും കൂടുതൽ വ്യത്യസ്തനാകുന്ന അപ്പൻ, അപ്പച്ചനെപ്പോലെ ഒരു പക്ഷ അപ്പച്ചൻ മാത്രമായിരിക്കും ഉണ്ടായിരുന്നിരിക്കാൻ സാധ്യത. ഓ... ഈ ... ഓർമ്മകൾ വല്ലാതെ നീളുന്നു....

"മക്കള് തന്നോളം വളർന്നാൽ താനെന്ന് വിളിക്കണം" എന്ന നാട്ട് പ്രയോഗം മനസ്സിലാക്കി പെരുമാറിയ അപ്പച്ചൻ; എനിക്ക് ഇന്നും പല കാര്യങ്ങളിലും അത്ഭുതം തന്നെയാണ്.

അപ്പച്ചന്റെ സ്വയം തൊഴിൽ സംവിധാനം വീടിനോട് ചേർന്ന് തന്നെ ആയതിനാൽ, പലപ്പോഴും വീട്ടിലെ എല്ലാവരും കൂടി സംസാരിക്കുന്ന ഒരിടം അതുതന്നെയായിരുന്നു. ഒരിക്കൽ ഒരാളുടെ രോഗവിവരം അറിഞ്ഞ് അപ്പച്ചൻ എന്നോട്, "എടാ നമുക്ക് അവിടം വരെയൊന്ന് പോവണ്ടേ" ജോലിക്കിടയിൽ നിന്ന് പൊടുന്നനെ ചോദിച്ചു.

ഞാൻ: പോവാം, ഉച്ചകഴിഞ്ഞ് ...
കുറച്ച് നേരം രോഗവിവരത്തെ പറ്റിയും മറ്റും സംസാരിക്കുന്നതിനിടയിൽ അപ്പച്ചന്റെ അടുത്ത ചോദ്യം വന്നു, "അപ്പോൾ നമുക്കെന്തെങ്കിലും കൊടുക്കണ്ടെ, എങ്ങനാ ?"
ഞാൻ: ഉം.

അവർക്കു ചിലപ്പോൾ പൈസയുടെ ആവശ്യം ഉണ്ടാകും ജോലോയില്ലാതെയിരിക്കയല്ലേ? ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടു അവിടേയ്ക്കുവരുകയായിരുന്ന വന്ന അമ്മ പറഞ്ഞു.
............

സാധാരണ ഗതിയിൽ എന്നെക്കൂടി ബോധ്യപ്പെടുത്തി അങ്ങനെ ചെയ്യേണ്ടതുണ്ടായിരിന്നോ ?
അതൊ, അപ്പൻ എന്നെ പഠിപ്പിക്കുകയായിരുന്നോ ? ഒരു പക്ഷെ, ഞാൻ പോലുമറിയാതെ ജീവിതത്തിലെ വലിയ ആ പാഠങ്ങൾ, രീതികൾ .....

വർഷങ്ങൾക്ക് ശേഷം, ഈ ഓർമ്മ ശകലത്തിൽ നിന്ന് അപ്പച്ചനിലെ ഒരു ഗുരുവിനെ വേർത്തിരിച്ചെടുക്കാൻ ഇന്നെനിക്ക് കഴിയുന്നുണ്ട്. എങ്കിലും, അപ്പച്ചൻ ഈ രീതികളൊക്കെ എങ്ങനെ സ്വായത്തമാക്കിയിട്ടുണ്ടാവും!

ഒരു പാടുണ്ട് എഴുതാൻ, സമയം അനുവദിച്ചാൽ തുടരും. ....

Wednesday, April 26, 2017

ഒരു 13 മാരന്റെ ദാരുണ മരണം കൂടി

കുട്ടികൾ ബസ്സ് യാത്രക്കിടെ ഛർദ്ധിക്കുന്നതിനായും മറ്റും തല വെളിയിലിടുന്നത് മുമ്പു പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, അശ്വാസം എന്നു പറയട്ടെ, അപ്പോഴൊക്കെ തന്നെ കൂടെ യാത്ര ചെയ്യുന്നവർ തിരുത്തുന്നതും കണ്ടിട്ടുണ്ട്.
 .
 ദാ, ഇന്നത്തെ പത്രങ്ങളിലെ ഒരു വാർത്ത മനസ്സിൽ നിന്ന് മായുന്നില്ല. കേളകത്ത് ബസ്സ് യാത്രക്കിടയിൽ തല വെളിയിലേയ്ക്കിട്ട് ഛർദ്ധിച്ച 13 വയസ്സുകാരന്റെ തലയും ഉടലും വേർപെട്ടു പോയിരിക്കുന്നു.

ഹൊ... അലോചിക്കാനെ കഴിയുന്നില്ല. യാത്രയിൽ കൂടെയുണ്ടായിരുന്നവർ വേണ്ട വിധം ശ്രദ്ധിച്ചിരുന്നുനുവെങ്കിൽ, ആ 13 വയസ്സുകാരന്റെ തല തല്ലി തെറിപ്പിക്കുവാനുള്ള സാഹചര്യം  ഒഴിവാക്കാമായിരുന്നില്ലെ?

Saturday, April 22, 2017

കുട്ടികൾ വിദ്യാഭ്യാസം നേടേണ്ടത് പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ

 ആഗോള വിനിമയ ഭാഷ എന്ന നിലയിൽ ഇംഗ്ലീഷിന്റെ പ്രയോഗം പഠിപ്പിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ കാലാനുസൃതമായുണ്ടായില്ല എന്ന തൊഴിച്ചാൽ, ഒരു സർക്കാർ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയെന്നതിൽ  പ്രത്യേകിച്ചൊരു കുറവും ഞാൻ കാണുന്നില്ല.

 വർഷങ്ങൾക്കിപ്പുറം സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ എന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതും കൂടുതൽ കാര്യപ്രാപ്തി പ്രകടിപ്പിച്ചിട്ടുള്ളവരിലധികവും സർക്കാർ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയവർ എന്നുതന്നെയാണ്.

അതു കൊണ്ട് തന്നെ കേരള സ്റ്റേറ്റ് സിലബസ്സ് മോശമാണെന്നൊ ആ സ്കൂളുകൾ മോശമാണെന്നൊ എനിക്കഭിപ്രായമില്ല. അതോടെപ്പം പറയട്ടെ, ഈ മേഘലയിലേക്കെത്തുന്നതിൽ ചുരുക്കം ചിലരെങ്കിലും അദ്ധ്യാപരാവാൻ വേണ്ട പക്വതയില്ലാത്തവർ ആണ്. ഇത് പരിഹരിക്കാവുന്നതേയുള്ളൂതാനും

അഭ്യസ്തവിദ്യരായവരും സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്നവരും ഒക്കെ എന്തിനേറെ പറയുന്നു, സർക്കാർ വിദ്യാലയത്തിലെ ആദ്ധ്യാപകർ പോലും തങ്ങളുടെ കുട്ടികളെ സ്വകാര്യ സ്കൂളുകളിലേയ്ക്ക് ( സ്വകാര്യ സിലബസ്സ് എന്ന് പറയേണ്ടിയിരിക്കുന്നു.) തള്ളിവിടുന്നു.   കുറഞ്ഞ പക്ഷം ഈ സിലബസ് ഉണ്ടാക്കാൻ നിയുക്തരായ അദ്ധ്യാപകർക്കു പോലും തങ്ങൾ തയ്യാറാക്കിയ സിലബസ്സ് അധിഷ്ടിത വിദ്യാഭ്യാസത്തിൽ വിശ്വാസമുണ്ടാവേണ്ടതല്ലെ? അതിനുള്ള ധാർമിക ഉത്തരവാദിത്വം അവർക്കില്ലെന്നാണൊ?

സംസ്ഥാന സിലബസ്സ് സ്കൂളുകളോടുള്ള അയിത്തം നിങ്ങൾ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, പ്രീയ സഹോദരങ്ങളെ. കുറഞ്ഞ പക്ഷം സ്റ്റേറ്റ് സിലബസ്സ് ' സ്കൂളിലേയ്ക്കെങ്കിലും അയയ്ക്കാനുള്ള താല്പര്യമെങ്കിലും പ്രകടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

കുട്ടിയെ സ്റ്റേറ്റ് സിലബസ്സിൽ  പഠിപ്പിക്കാൻ ഞാൻ തീരുമാനം എടുത്തപ്പോൾ, എനിക്കെതിരെ തിരിഞ്ഞ വർക്കിതൊരു മുപടിയായി കരുതാം.

വാൽക്കഷണം: പുതു തലമുറയിലെ വിവേകമതികളായ രക്ഷിതാക്കൾ സ്റ്റേറ്റ് സിലബസ്സ് സ്കൂളുകൾ തിരഞ്ഞെട്ടക്കാൻ സ്വയം മുന്നോട്ട് വരുന്നുണ്ട്. പൊതു വിദ്യാഭ്യാസ സമ്പ്രദായം കുറ്റമറ്റ രീതിയിൽ കാലാനുസൃതമായി പരിഷ്കരിച്ച് നിലനിർത്തുക എന്നതും അതിനെ പിന്തുണയ്ക്കുക എന്നതും  ഒക്കെ വരും തലമുറയ്ക്കായി നാം ചെയ്യുന്ന വലിയ കാര്യങ്ങൾ തന്നെയാണ്.

Wednesday, April 19, 2017

ഭാരിച്ചുപോയ നേട്ടങ്ങൾ

കൊണ്ടുവന്നതില്ലാ ഞാൻ
എന്നിൽ ചാർത്തപ്പെട്ടതൊന്നമല്ലാതെ,
എങ്കിലും ഞാൻ, പിടിച്ചടുക്കി എനിക്കായ്
ചിലതൊക്കെയും, എന്റേത് മാത്രമായ്.....

എനിക്കറിയാമിതൊന്നും ഒരിക്കലും
എന്റേത്  മാത്രമായിരുന്നില്ലാ നിസ്സംശയം,
 തോൽക്കുവാനാരൊ ചങ്കുറപ്പ് കാട്ടിയതിനാൽ മാത്രം ഏൽപിക്കപ്പെട്ടവയുമുണ്ടാവാമതിൽ.....

സമയം അതിനിയുമേറെയില്ലയെങ്കിലും
ദൂരം അതിനിയുമേറെയെന്നാകിലും,
ഭാരമുള്ള ആ ഭാണ്ഡങ്ങളൊക്കെയും
ഒഴിവാക്കി നന്മ മാത്രമായീടുകിൽ.....

ഹായ്, എത്ര സുന്ദരമാകുമീ എൻ യാത്ര,
നന്മകൾ തൻ സാമീപ്യമുള്ളതാം ഈ യാത്ര
ഭാരമേറിടാത്തൊരീ ജീവിതയാത്ര,
ഇന്നും ഇനിയെന്നും അങ്ങനെയങ്ങനെ.....

                       

Tuesday, April 11, 2017

സമയം

സമയമിതിങ്ങനെ കണക്ക് ചോദിച്ചു ഇന്ന്,
അതെ, ചോദ്യം അത് എന്നോട് തന്നെ !

നഷ്ടപ്പെടുത്തിയൊരാ പകലുകളേറെയും
എന്തിനു വേണ്ടിയായിരുന്നു?
നഷ്ടപ്പെടുത്തിയൊരാ രാവുകളേറയും
എന്തിനു വേണ്ടിയായിരുന്നു?

ആർക്കായി നൽകി നീ അവയേറയും
ഓർമ്മയുണ്ടൊ ചെറുതായെങ്കിലും?
ആർക്കായി നീക്കിയെന്നേറെ പറഞ്ഞാലും
ആരുണ്ടതൊക്കെ തിരിച്ചറിഞ്ഞിടുവാൻ...

നിലയ്ക്കാതെ ഓടുന്നസമയമാണ് ഞാൻ,
മെരുക്കാൻ കഴിഞ്ഞില്ലായെങ്കിൽ,
മെരുങ്ങേണ്ടതായ്വരും ഒരുനാൾ
സൂചന നൽകി നീങ്ങി സമയം പിന്നെയും.

                                  എസ്. റ്റി. വി. ചേർത്തല

സ്നേഹപൂർവ്വം ആ അമ്മയ്ക്ക്

കണ്ണൂർ റയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം നമ്പർ ഒന്നിലെ വെജി. ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. സാധാരണ കണ്ടു വരുന്ന മസാലപ്പൊടികളുടെ അമിത പ്രയോഗങ്ങളൊന്നും ഇല്ലാതെ സ്വദിഷ്ടമായ ഗ്രാമീണ വെജി. ഊണ്.  ആ പാചകത്തിന് പിന്നിലെ നന്മയുള്ള മനസ്സിനെ കാഷ് കൗണ്ടറിൽ അന്വോഷിച്ചു. മറുപടി ഇങ്ങനെ"അതൊരു അമ്മച്ചിയാ". അത് പറയുന്നതിലുമുണ്ട് ഒരു ഗ്രാമീണത.
നല്ല ഭക്ഷണം, എന്നു പറഞ്ഞു ബാഗ് എടുക്കുമ്പോഴേയ്ക്കും:
 കാഷ് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരി സന്തോഷത്തോടെ പാചകപ്പുരയിൽ നിന്നും ആ അമ്മച്ചിയെയും കൂട്ടി പുറത്തേയ്ക്ക് വന്നു.

"ദാ നോക്കൂ, ഇതാണ് ആ ആൾ" രണ്ട് പേരുടെ മുഖത്തും സന്തോഷം.

ഭക്ഷണം നന്നായിരിക്കുന്നു, നന്മയുണ്ടാകട്ടെ എന്നു പറഞ്ഞു നടക്കുന്നതിനിടയിൽ ഞാൻ ശ്രദ്ധിച്ചിരുന്നു.
ആ മുഹത്തെ തിളക്കം, ഒരു പക്ഷെ പ്രതീക്ഷിക്കാതെ ഒരാൾ തന്റെ പ്രവൃത്തിയെ അഭിനന്ദിച്ചതിലാവാം അതൊ ....

                                     എസ്. റ്റി. വി. ചേർത്തല

Sunday, April 9, 2017

കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ മാഫിയയെ നിലക്ക് നിർത്താനാവുമെങ്കിൽ അത് ഇടതുപക്ഷത്തിനെ കഴിയൂ

തെറ്റിദ്ധാരണകൾ പരത്തിയവരും,  നെറികെട്ട രാഷ്ട്രീയ നേട്ടം കൈവരിക്കാൻ കച്ചകെട്ടിയിറങ്ങിയവരും മുതലെടുക്കാൻ ശ്രമിച്ചവരുമെല്ലാം എല്ലാം ഒരു പരിധിവരെയെങ്കിലും നിരാശരായിട്ടുണ്ടാകാം, കാരണം അറിയാല്ലൊ?

കുറച്ചധികം ദിവസങ്ങൾ കൂടുതൽ വേണ്ടിവന്നെങ്കിലും, സർക്കാർ സ്വാശ്രയ മാഫിയയ്ക്ക് ഒപ്പമല്ല എന്ന് തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷം, തീർച്ചയായും ഇടതുപക്ഷത്തിനാശ്വസിക്കാം.

കഴിഞ്ഞ 90 ദിവസത്തെ കണക്കുമായി പകിട കളിച്ചവർ, പ്രതികളെ സംരംക്ഷിച്ചവരെക്കുറിച്ചൊ കൊട്ടിഘോഷിച്ച കഥകളിലെ യഥാർത്ഥ വസ്തുതകൾ ചികയാനൊ, തിരിച്ചറിയാനൊ താല്പര്യം കാണിക്കുമോ എന്നത് പ്രസക്തമായ വിഷയം തന്നെ.

 ജിഷ്ണുവിന്റെ ജീവനെടുത്ത സ്വാശ്രയ മേലാളന്മാർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ പ്രതിജ്ഞാബദ്ധമാണ് ഈ സർക്കാർ, അതിൽ തർക്കത്തിനിടയില്ല.

 ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ,
 മാതൃകാ പരമായി നടപടിയെടുക്കാൻ,
അഴിഞ്ഞാട്ടക്കാരായി രൂപാന്തരപ്പെട്ട സ്വാശ്രയ മാനേജ്മെൻറുകളെ കർശനമായി നിയന്ത്രിക്കാനടക്കം ഇടതു പക്ഷം ഭരിക്കുന്ന കേരള സർക്കാരിന് കഴിയും എന്നുള്ള പ്രതീക്ഷയാണ് പൊതുജനത്തിനുള്ളത്.

കാരണം, "കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ മാഫിയയെ നിലക്ക് നിർത്താനാവുമെങ്കിൽ അത്  ഇടതുപക്ഷത്തിനെ കഴിയൂ" എന്ന് ജനം വിശ്വസിക്കുന്നത് പ്രാധാന്യത്തോടെ തന്നെ സർക്കാർ  കാണേണ്ടിയിരിക്കുന്നു.

ഈ വിഷയത്തിൽ സർക്കാർ  വേണ്ടത്ര ശ്രദ്ധ കാട്ടുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

നീതിയ്ക്കു വേണ്ടി ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചതിൽ സന്തോഷം.

  

Wednesday, April 5, 2017

ഹർത്താൽ ഒരു സമൂഹിക ദുരാചാരമൊ ?



രാഷ്ട്രീയ പാർട്ടികളാണ് ഹർത്താൽ നടത്തുന്നതെന്നൊക്കെ വെറുതെയാണ് പറയുന്നത്. ഓരോ മയാളിയുമാണ് ഹർത്താൽ നടത്തുന്നത്. ചിലരതിന് നേതൃത്വം നൽകുന്നുവെന്ന് മാത്രം

കേരളത്തിൽ കുറച്ചു കാലം ഒരു പാർട്ടിയും ഹർത്താൽ പ്രഖ്യാപിക്കില്ലെന്ന് തന്നെ കരുതുക (സങ്കൽപിക്കുന്നതിൽ തെറ്റില്ലല്ലോ). കുറച്ച് നാൾ കഴിഞ്ഞാൽ ഹർത്താൽ പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പൊതുജനം ഒരു ഹർത്താലിന് ആഹ്വാനം ചെയ്യും. അതാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥ.

അതെ ഹർത്താൽ ഒരു സമൂഹിക ദുരാചാരമായി മാറിക്കഴിഞ്ഞിരിക്കുന്നു.

Wednesday, March 29, 2017

കവിത: തല-വിധി



അയ്യൊ, ചിലതിന്
         മണം വച്ചു തുടങ്ങി
സംസ്കാരത്തിൽ ചിലതിന്
         മണം വെച്ചു തുടങ്ങി
ആദ്യം മൂക്കും, പിന്നെ വായും
         ഒടുവിലതാ ആ കണ്ണുകളും
ഒരോന്നായി അങ്ങനെ മൂടുമ്പോൾ
         എന്തവകാശം എന്തധികാരം
തലയായ് ഞാൻ മാത്രമിതിങ്ങനെ
         നീണ്ടു നിവർന്നു നടന്നീടാൻ ...

Wednesday, March 15, 2017

കവിത: കവരുന്നതിതെന്തെ...

മരണമെ നിനക്കിതെന്തൊരാർത്തി,
കവരുന്നതിതെന്തെ അതിഭീകരമായി....

മദ്ധ്യവയസെത്തുന്നതിനും മുൻപെ...
യവ്വനം... ആസ്വദിക്കും മുൻപെ...
പലവിധ-ബഹുമുഖ ജീവിത ലക്ഷ്യങ്ങൾ
നന്മയായി... പൂർത്തിയാക്കും മുൻപെ...

പ്രതീക്ഷ തൻ ബാല്യവും കൗമാരവും...
യവ്വനവുമെല്ലാമെല്ലാം... തന്നെ
എന്തിനയ്യൊ ഈ നൽ ചെറുപ്രായത്തിൽ
കവരുന്നതിതെന്തെ ഈ വിധം...

ഹേ മരണമേ, തീർന്നതില്ലെ... നിൻ
ശക്തി പരീക്ഷണങ്ങളൊക്കെയും...

മതി, മതി നിർത്തുക നീ നിന്റെയീ...
ഘോരമാം... ദുർവാശ്ശിയൊക്കെയും.
തോൽവി എത്രയൊ സമ്മതിച്ചതല്ലെ പലർ
നിനക്ക് മുന്നിൽ പലപ്പോഴായ്...

എങ്കിലും, മരണമെ നിനക്കിതെന്തൊരാർത്തി,
കവരുന്നതിതെന്തെ അതിഭീകരമായി....

STV ചേർത്തല